1964-ലെ ഒരു വേനല്‍ക്കാലം. അന്ന് ഫറോക്ക് റൌദത്തുല്‍ ഉലൂം അറബിക് കോളേജില്‍ അഫ്ദലുല്‍ ഉലമാ മൂന്നാം വര്‍ഷം പ്രിലിമിനറിക്ക് പഠിക്കുകയായിരുന്നു ഞാന്‍. വാര്‍ഷിക പരീക്ഷ കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ അറിഞ്ഞു, ഞങ്ങളുടെ നാട്ടിലെ ഖത്വീബായി ശാന്തപുരത്തുകാരന്‍ ഒരു പുതിയ മൌലവി എത്തിയിട്ടുണ്ടെന്ന്. പള്ളിയിലെത്തി നമസ്കാരം കഴിഞ്ഞ് ഖത്വീബിന്റെ അടുത്തു ചെന്ന് പരിചയപ്പെട്ടു. വെളുത്ത് മെലിഞ്ഞ സുമുഖനായ അദ്ദേഹം സലാം മടക്കി സൌമ്യമായി പറഞ്ഞു: "എന്റെ പേര് കെ.ടി അബ്ദുര്‍റഹ്മാന്‍. വീട്ടില്‍ 'ഇള്ളി' എന്നാണ് വിളിക്കുക.'' ഖത്വീബിന്റെ സമീപം നിന്നിരുന്ന ചെറുപ്പക്കാരനെ ചൂണ്ടി അദ്ദേഹം പറഞ്ഞു: "ഇത് എന്റെ സഹോദരന്‍ അബ്ദുല്‍ ഹമീദ്. ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ പഠിക്കുന്നു. ശാന്തപുരത്തിനു സമീപം പട്ടിക്കാടാണ് ഞങ്ങളുടെ സ്വദേശം. ഞങ്ങള്‍ അടുത്ത കാലത്ത് ജമാഅത്തുമായി ബന്ധപ്പെട്ടതാണ്. ഞങ്ങളുടെ പിതാവ് ആലപ്പുഴ മസ്താന്‍ പള്ളിയിലെ മുദര്‍രിസായിരുന്നു. ഞങ്ങള്‍ മക്കളും അവിടെ ദര്‍സിലാണ് പഠിച്ചുകൊണ്ടിരുന്നത്. വാപ്പ നാലു വര്‍ഷം മുമ്പ് മരിച്ചു. പള്ളുരുത്തിക്കാരന്‍ കോയ സാഹിബ് ജമാഅത്തിന്റെ ഫുള്‍ടൈം പ്രവര്‍ത്തകനായി ആ മേഖലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു. അദ്ദേഹം വഴിയാണ് ഞങ്ങള്‍ പ്രസ്ഥാനവുമായി അടുക്കുന്നത്.''
കൊച്ചി പള്ളുരുത്തി സ്വദേശി കോയ സാഹിബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എനിക്ക് നേരത്തെ അറിയാമായിരുന്നു. ഒന്നിലധികം തവണ കാണാനും നേരില്‍ പരിചയപ്പെടാനും കഴിഞ്ഞിരുന്നു. കോയ സാഹിബിന്റെ തൊഴില്‍ ബീഡിതെറുപ്പായിരുന്നെങ്കിലും ജമാഅത്ത് ബന്ധത്തിലൂടെ ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ വിവരമുള്ള പണ്ഡിതനും പ്രഭാഷകനുമായി അദ്ദേഹം മാറിയിരുന്നു. അതിലേറെ സമര്‍ഥനായ പ്രബോധകനുമായിരുന്നു. വളരെ സൌമ്യമായി പെരുമാറാനും സംബോധിതനെ ആകര്‍ഷിക്കുമാറ് സമര്‍ഥമായി സംസാരിക്കാനും അസാമാന്യമായ കഴിവായിരുന്നു കോയ സാഹിബിന്. സംബോധിതരില്‍ നിന്ന് എന്ത് പ്രകോപനമുണ്ടായാലും വികാരം കൊള്ളാതെ ഒരു ചെറു പുഞ്ചിരിയോടെ അതിനെ നേരിടും. സന്ദര്‍ഭം പന്തിയല്ലെന്ന് കണ്ടാല്‍ പതുക്കെ സ്ഥലം വിടും. അല്‍പ ദിവസം കഴിഞ്ഞ് ഒന്നും സംഭവിച്ചിട്ടില്ലാത്ത ഭാവത്തില്‍ വീണ്ടും സമീപിക്കും.
കെ.ടി സഹോദരന്മാരുടെ കാര്യത്തിലും അതുതന്നെയായിരുന്നു രീതി. അക്കാലത്ത് പൊതുവെ ദര്‍സിലെ വിദ്യാര്‍ഥികളും മുദര്‍രിസുമാരും ജമാഅത്തെ ഇസ്ലാമിയുടെ, വിശേഷിച്ചും മൌദൂദി സാഹിബിന്റെ കൃതികളോട് കടുത്ത അലര്‍ജിയാണ് കാണിച്ചിരുന്നത്. ജമാഅത്തുകാരനാണെന്നറിഞ്ഞാല്‍ സലാം ചൊല്ലുകയോ മടക്കുകയോ ചെയ്യില്ല. മൌദൂദി സാഹിബിന്റെയോ ജമാഅത്തെ ഇസ്ലാമിയുടെയോ പേരു കണ്ടാല്‍ പിന്നെ അത് സ്പര്‍ശിക്കു പോലും ചെയ്യില്ല. അന്നൊക്കെ പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെ പോലുള്ള വലിയ പണ്ഡിതന്മാര്‍ ഉര്‍ദുവിലുള്ള ജമാഅത്ത് പ്രസിദ്ധീകരണങ്ങളില്‍നിന്ന് വാചകങ്ങള്‍ ഉദ്ധരിച്ച് വിമര്‍ശിക്കുമായിരുന്നു. എന്നിരുന്നാലും ദര്‍സിലെ വിദ്യാര്‍ഥികള്‍ക്കും താഴെക്കിടയിലുള്ളവര്‍ക്കും അത് വിലക്കിയിരുന്നു. ഇന്ന് കാലം മാറി. വിമര്‍ശനത്തിനായാലും അല്ലെങ്കിലും ദര്‍സുകളിലും അറബിക്കോളേജുകളിലും ലൈബ്രറികളില്‍ ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ കാണാം; വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പിനും കുറവൊന്നും വന്നിട്ടില്ലെങ്കിലും. കണ്ടാല്‍ മിണ്ടാന്‍ പാടില്ലെന്നും സലാം ചൊല്ലാന്‍ പാടില്ലെന്നും പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ പാടില്ലെന്നും ഇന്നാരും പറയാറില്ല.
കെ.ടി അബ്ദുര്‍റഹീം സാഹിബ് അക്കാലത്ത് ദര്‍സ് വിട്ട് കൊല്ലം ജില്ലയില്‍ മാടന്തറ എന്ന സ്ഥലത്ത് ഖത്വീബും അധ്യാപകനുമായി ജോലി നോക്കുകയായിരുന്നു. മൂത്ത സഹോദരന്‍ അബ്ദുല്ല (അബ്ദുപ്പു) മൌലവി മുണ്ടക്കാവ് പള്ളിയിലും അബ്ദുര്‍റഹ്മാന്‍ എന്ന ഇള്ളി ഇരവിപുരത്തിനടുത്ത് കൊല്ലൂര്‍ വിള പള്ളിമുക്കിലും ഖത്വീബും മുദര്‍രിസുമായി കഴിയുകയായിരുന്നു. അബ്ദുല്‍ ഹമീദ് ജോനകപ്പുറത്ത് ശിഹാബുദ്ദീന്‍ മൌലവിയുടെ ദര്‍സില്‍ വിദ്യാര്‍ഥിയും.
കോയ സാഹിബ് മാടന്തറയിലുമെത്തി. കെ.ടിയെ കണ്ട് സലാം ചൊല്ലി, പരിചയപ്പെട്ടു. പുസ്തകങ്ങള്‍ പരിചയപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ മറിച്ചു നോക്കി മൌദൂദി സാഹിബിന്റെ പേര് കണ്ടപ്പോള്‍, ഇതെനിക്ക് വേണ്ട എന്നു പറഞ്ഞ് തിരിച്ചുകൊടുത്തു. സംഭാഷണം തര്‍ക്കമായി. കോയ സാഹിബ് തന്ത്രപൂര്‍വം സലാം പറഞ്ഞു പിരിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും വന്നു. അപ്പോഴും അതുതന്നെ ആവര്‍ത്തിച്ചു. ഇത്ര കൂടി പറഞ്ഞു: "ഇനി നിങ്ങള്‍ വരരുത്. ഇത് ഈ മഹല്ലില്‍ പ്രശ്നങ്ങളുണ്ടാക്കും.'' എതിര്‍പ്പും രൂക്ഷമായ വിമര്‍ശനവും ഉള്ളതോടൊപ്പം കെ.ടിയുടെ പാണ്ഡിത്യവും ബുദ്ധിശക്തിയും അതിലേറെ എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും പ്രദര്‍ശിപ്പിച്ചുപോന്ന ഉന്നതമായ പെരുമാറ്റ മര്യാദയും സ്വഭാവ മഹിമയും കോയ സാഹിബില്‍ പ്രതീക്ഷയുണര്‍ത്തി. കുറെ കഴിഞ്ഞു അദ്ദേഹം വീണ്ടുമെത്തി. ഇത്തവണ മൌദൂദി സാഹിബിന്റെ പേരില്ലാത്ത ചില പുസ്തകങ്ങളാണ് കൊടുത്തത്. ഇക്കുറി കെ.ടിയുടെ പെരുമാറ്റം വ്യത്യസ്തമായിരുന്നു. കോയ സാഹിബിന്റെ ക്ഷമാശീലവും സമീപനത്തിലെയും പെരുമാറ്റത്തിലെയും പ്രത്യേകതയും കെ.ടിയെയും കീഴടക്കുകയായിരുന്നു. സത്യസാക്ഷ്യം എന്ന പുസ്തകം കോയ സാഹിബ് കൊടുത്തു. കെ.ടി അത് വായിച്ചു. ആ വായന ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഒരു വ്യക്തിയുടെ മാത്രമല്ല, കുടുംബത്തിന്റെയും ഒരു മേഖലയുടെയും. പിന്നെ പിന്നെ കോയ സാഹിബിനെ കാത്തിരിപ്പായി. പുസ്തകങ്ങള്‍ ഒന്നൊന്നായി വായിച്ചുകൂട്ടി. അടുത്ത ലക്ഷ്യം തന്റെ സഹോദരന്മാരായിരുന്നു. വലിയ ജ്യേഷ്ഠന്‍, നേരത്തെ തന്നെ കടുത്ത എതിര്‍പ്പൊന്നുമില്ലാത്ത ആളായിരുന്നു. അദ്ദേഹത്തെ പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കാനുള്ള വഴിയെന്ത് എന്നായി ചിന്ത. കോയ സാഹിബിനെ തന്നെ ആ ദൌത്യം ഏല്‍പിച്ചു. അവിടെയും പ്രതികരണം മുന്‍ പറഞ്ഞപോലെ തന്നെയായിരുന്നു; നിഷേധം. ഏറെ തര്‍ക്കമോ വാദപ്രതിവാദമോ ഉണ്ടായില്ല. ഇതിവിടെ വേണ്ട എന്നു മാത്രം പറഞ്ഞ് തിരിച്ചയച്ചു. ഒന്നു രണ്ടു പ്രാവശ്യം ഇങ്ങനെ കഴിഞ്ഞ ശേഷം കെ.ടിയും കോയ സാഹിബും ചേര്‍ന്ന് ഒരു തന്ത്രം ആവിഷ്കരിച്ചു. ആയിടെ തെക്കന്‍ കേരളത്തില്‍ ഇസ്ലാമിക പ്രബോധകനായി എത്തിയ മൊയ്തു മൌലവിയെയും കൂട്ടി ജ്യേഷ്ഠനെ കാണുക. അതനുസരിച്ച് മൂന്നു പേരും ചേര്‍ന്ന് മുണ്ടക്കാവിലെത്തി. എല്ലാ കെ.ടി സഹോദരന്മാരിലും നിറഞ്ഞു നിന്ന ഉന്നതമായ സ്വഭാവ വിശേഷവും ആതിഥ്യ മര്യാദയും അനുസരിച്ച് മൊയ്തു മൌലവിയെ ആദരപൂര്‍വം സ്വീകരിച്ചിരുത്തി. അനുജന്‍ കെ.ടി ജമാഅത്തുകാരനായ വിവരം അബ്ദുപ്പു മൌലവി അപ്പോഴാണറിയുന്നത്. മൊയ്തു മൌലവിയുമൊത്തുള്ള ആ സംഭാഷണം അവിടെയും മാറ്റത്തിനു നാന്ദി കുറിച്ചു. പിന്നീടും ഒന്നു രണ്ടു വട്ടം, അത്തരം സന്ദര്‍ശനങ്ങളുണ്ടായി. അതിനിടെ വായന തുടര്‍ന്നു. മറ്റു സഹോദരന്മാരുമായി ബന്ധപ്പെടാന്‍ കോയ സാഹിബിനെ ചുമതലപ്പെടുത്തി. കൂട്ടത്തില്‍ അബ്ദുര്‍റഹ്മാന്‍ മൌലവിയായിരുന്നു, കടുത്ത എതിര്‍പ്പുകാരന്‍. കോയ സാഹിബ് ദൌത്യം തുടര്‍ന്നു. കെ.ടി അബ്ദുര്‍റഹീം സാഹിബിലുണ്ടായ മാറ്റവും അബ്ദുപ്പു മൌലവിയുമായി ബന്ധപ്പെട്ട വിശേഷങ്ങളും മറ്റു സഹോദരന്മാരും അറിഞ്ഞുകൊണ്ടിരുന്നു.
ആയിടെ മാടന്തറയില്‍ ഒരു സംഭവമുണ്ടായി. കെ.ടിയിലുണ്ടായ മാറ്റം മഹല്ലിലെ ചിന്തിക്കുന്ന ജനങ്ങളില്‍ സ്വാധീനം ചെലുത്തി. അവരും ആ വഴിക്ക് ചിന്തിക്കാനും അദ്ദേഹത്തെ പിന്തുണക്കാനും മുന്നോട്ടുവന്നു. മറ്റൊരു വിഭാഗം അതിനെതിരിലും രംഗത്തുവന്നു. തന്റെ വാദം ഒരു വിവാദത്തിനു തിരികൊളുത്തുന്നതായി കെ.ടി മനസ്സിലാക്കി. അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞു: "മഹല്ലില്‍ പിളര്‍പ്പുണ്ടാകുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞാന്‍ രാജിവെച്ച് ഒഴിയാനാഗ്രഹിക്കുന്നു. ഒരു സുന്നി പണ്ഡിതന്‍ എന്ന നിലക്കാണ് എന്നെ നിയമിച്ചത്. എന്റെ ചിന്തകളില്‍ മാറ്റം വന്നിരിക്കുന്നു. ഇനി ഞാന്‍ ഇവിടെ തുടരുന്നത് ശരിയല്ല.'' അവര്‍ പറഞ്ഞു: "താങ്കള്‍ സത്യം കണ്ടെത്തുകയായിരുന്നു. അത് ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്. ഞങ്ങള്‍ താങ്കള്‍ക്ക് സകല വിധ പിന്തുണയും തരാന്‍ ഒരുക്കമാണ്. ഈ ഘട്ടത്തില്‍ വിട്ടുപോകുന്നത് ശരിയല്ല.'' മഹല്ലില്‍ ചര്‍ച്ചയായി. ജനങ്ങള്‍ കൂടുന്നേടത്തൊക്കെ സംഭാഷണം ഖത്വീബിന്റെ മാറ്റമായിരുന്നു. മഹല്ല് കമ്മിറ്റിയിലും ഭിന്നിപ്പിന്റെ ലാഞ്ഛന കണ്ടു. കെ.ടി എല്ലാ ആലോചനകള്‍ക്കുമൊടുവില്‍, എല്ലാ കാര്യങ്ങളും ജനങ്ങളോട് തുറന്നു പറഞ്ഞ് രാജിവെക്കാന്‍ തീരുമാനിച്ചു. അത് സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും അറിയിച്ചു. വേണമെങ്കില്‍, തന്നെ പിന്തുണക്കുന്നവരുടെ ബലത്തില്‍ അവിടെ തന്നെ തുടരാന്‍ ശ്രമിക്കാമായിരുന്നു. കെ.ടിക്ക് ഒരുവേള മഹല്ല് പിളര്‍ന്നാലും തന്റെ ഖത്വീബ് സ്ഥാനവും പദവിയും തുടരാന്‍ കഴിഞ്ഞേക്കുമായിരുന്നു. പക്ഷേ, ആശയപരമായ ഭിന്നതയുടെ പേരില്‍ മഹല്ലില്‍ പിളര്‍പ്പുണ്ടാക്കരുത് എന്നാണ് മഹാനായ ആ പണ്ഡിതവര്യന്‍ തീരുമാനിച്ചത്. അത് താല്‍ക്കാലികമായ ഒരു തീരുമാനമെന്നതിലുപരി, കെ.ടിയുടെ മൌലികമായ കാഴ്ചപ്പാടുതന്നെയായിരുന്നു. എവിടെ ചെന്നാലും ഇസ്ലാമിക സമൂഹത്തിന്റെ ഐക്യത്തെക്കുറിച്ചാണ് കെ.ടിക്ക് സംസാരിക്കാനുണ്ടായിരുന്നത്. സുന്നി, മുജാഹിദ്, ജമാഅത്ത് സംഘടനകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇസ്ലാമിക ഉമ്മത്തിന്റെ ഐക്യം തകര്‍ക്കാന്‍ നിമിത്തമാവരുതെന്ന് കെ.ടി എല്ലായിടത്തും ശക്തിയായി വാദിച്ചു. താന്‍ പ്രബോധകനായി കടന്നുചെന്ന എല്ലാ പ്രദേശങ്ങളിലും ജനങ്ങളെ ഒന്നിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു.
ആലോചിച്ചുറച്ച തീരുമാനമനുസരിച്ച് ഒരു വെള്ളിയാഴ്ച അദ്ദേഹം അത് പരസ്യമായി പ്രഖ്യാപിച്ചു. തന്റെ വായനയും പഠനവും അനുസരിച്ച് ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടുകളാണ് ശരിയെന്ന് ബോധ്യമായതിനാല്‍ താന്‍ ജമാഅത്ത് അനുഭാവിയായി മാറിയിരിക്കുന്നുവെന്നും ഈ മാറ്റം മഹല്ലില്‍ ഒരു വിഭാഗം ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്നു മാത്രമല്ല, അത് മഹല്ലിലെ ജനങ്ങള്‍ക്കിടയില്‍ തര്‍ക്കത്തിലേക്കും പിളര്‍പ്പിലേക്കും നീങ്ങാനിടയുണ്ടെന്നും മനസ്സിലാക്കുന്നതുകൊണ്ട് ഖത്വീബ് സ്ഥാനം രാജിവെച്ച് ഒഴിയുകയാണെന്നും പ്രഖ്യാപിച്ചു. കാഴ്ചപ്പാടുകളില്‍ ഭിന്നതയുള്ളതോടൊപ്പം ഇസ്ലാമിക സഹോദരന്മാരെന്ന നിലക്ക് മഹല്ലിന്റെ ഐക്യം കാത്തുസൂക്ഷിക്കണമെന്നും കുടുംബ ബന്ധങ്ങളും അയല്‍പക്ക ബന്ധങ്ങളും തകരാന്‍ ഇടയാകരുതെന്നും ശക്തിയായി ഉപദേശിച്ചു. സ്നേഹനിര്‍ഭരവും ഉജ്ജ്വലവുമായ ആ പ്രഭാഷണവും പ്രഖ്യാപനവും മഹല്ലിലെ ജനങ്ങളെ വല്ലാതെ സ്വാധീനിച്ചു. പിന്നെ നാട്ടുകാരൊന്നടങ്കം ലോറികളിലും വാഹനങ്ങളിലും ഘോഷയാത്രയായാണ് കെ.ടിയെ റെയില്‍വേ സ്റേഷനിലെത്തിച്ചത്. ആശയപരമായി എതിര്‍ ചേരിയില്‍ നില്‍ക്കുന്നവരുടെയും ഹൃദയം കീഴടക്കിയാണ് അദ്ദേഹം ആ നാടിനോട് വിട പറഞ്ഞത്.
കെ.ടി രാജിവെച്ചതോടെ മറ്റു സഹോദരന്മാരും അതേ വഴി തുടര്‍ന്നു. അധികം താമസിയാതെ എല്ലാവരും സ്ഥാനങ്ങള്‍ രാജിവെച്ചു, ജനങ്ങളോട് യാത്ര പറഞ്ഞ് നാട്ടിലെത്തി. 1963-ലായിരുന്നു ഇത്. അങ്ങനെയാണ് അബ്ദുപ്പു മൌലവി ശാന്തപുരത്ത് അധ്യാപകനും, അബ്ദുല്‍ ഹമീദും അബ്ദുല്‍ ഗഫൂറും വിദ്യാര്‍ഥികളുമായി എത്തുന്നത്. കെ.ടി അബ്ദുര്‍റഹീം സാഹിബിനെ ജമാഅത്ത് തെക്കന്‍ കേരളത്തില്‍ തന്നെ പ്രബോധകനായി നിയമിക്കുകയായിരുന്നു. അബ്ദുര്‍റഹ്മാന്‍ എന്ന ഇള്ളി ഞങ്ങളുടെ മഹല്ലില്‍ ഖത്വീബായി എത്തി.
1964-ല്‍ റൌദത്തുല്‍ ഉലൂമില്‍ പഠിച്ചുകൊണ്ടിരിക്കെ നാട്ടില്‍ വന്നപ്പോഴാണ് കെ.ടി അബ്ദുറഹ്മാന്‍ മൌലവിയെയും അബ്ദുല്‍ ഹമീദിനെയും പരിചയപ്പെട്ടതെന്ന് ഞാന്‍ പറഞ്ഞു. ഇള്ളിയുടെ സമീപനവും പെരുമാറ്റവും വല്ലാതെ ആകര്‍ഷിച്ചു. സഹോദരന്‍ അബ്ദുല്‍ ഹമീദിന്റെ ബുദ്ധിശക്തിയും അറബി ഭാഷയിലുള്ള കഴിവും മതിപ്പുളവാക്കി. ശാന്തപുരം ഇസ്ലാമിയാ കോളേജിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. റൌദത്തില്‍ പഠിച്ചുകൊണ്ടിരിക്കെ ഒരുനാള്‍ എന്റെ സുഹൃത്തും സീനിയര്‍ വിദ്യാര്‍ഥിയുമായിരുന്ന ചേന്ദമംഗല്ലൂര്‍ക്കാരന്‍ ഇ. മുഹമ്മദ് സാഹിബിന്റെ കൂടെ ശാന്തപുരം കോളേജ് സന്ദര്‍ശിക്കാനും ഭാഗ്യമുണ്ടായി. അന്നാണ് ഒ. അബ്ദുര്‍റഹ്മാന്‍, ഒ. അബ്ദുല്ല തുടങ്ങിയവരെ ആദ്യമായി കണ്ടുമുട്ടുന്നത്. ശാന്തപുരം മനസ്സില്‍ താലോലിച്ചുപോന്ന ഒരു സ്വപ്നമായിരുന്നു. വെക്കേഷനു കണ്ടുമുട്ടിയ അന്നു മുതല്‍ 'റൌദത്ത്' വിട്ട് ശാന്തപുരത്ത് ചേരാന്‍ അബ്ദുല്‍ ഹമീദ് നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ ആ തീരുമാനത്തിലെത്തി. വെക്കേഷനു ശേഷം ഫറോക്കിലേക്ക് പോകാതെ ശാന്തപുരത്തേക്ക് പോവുക. അങ്ങനെയാണ് ഞാനും എന്റെ സഹപാഠിയായിരുന്ന കൊടുങ്ങല്ലൂര്‍ എടവിലങ്ങിലെ ഇ.എസ് അബ്ദുല്‍ കരീമും അടുത്ത വിദ്യാഭ്യാസ വര്‍ഷം ശാന്തപുരത്ത് എട്ടാം ക്ളാസില്‍ ചേരുന്നത്. അവിടെ അബ്ദുപ്പു മൌലവി ഞങ്ങളുടെ അധ്യാപകനായിരുന്നു.
ശാന്തപുരത്ത് എത്തിയതോടെ കെ.ടി കുടുംബവുമായുള്ള എന്റെ ബന്ധം പുതിയൊരു തലത്തിലേക്ക് പ്രവേശിച്ചു. അബ്ദുപ്പു മൌലവിയും ഇടക്കാലത്ത് അനൌപചാരികമായി കെ.ടിയും ശാന്തപുരത്ത് എന്റെ അധ്യാപകരായിരുന്നു. കെ.ടിയെയാണ് ഒഴിവുകാലത്ത് നാട്ടിലെത്തുമ്പോള്‍ ഞങ്ങളുടെ ചില ഉത്തരക്കടലാസുകള്‍ നോക്കാന്‍ കോളേജ് അധികൃതര്‍ ഏല്‍പിക്കുക. അത് പരിശോധിച്ച് മാര്‍ക്കിടുക മാത്രമല്ല, കണ്ടുമുട്ടുമ്പോള്‍ അഭിപ്രായം പറയുകയും വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ തരികയും ചെയ്യുമായിരുന്നു. ആ അര്‍ഥത്തിലാണ് കെ.ടി അധ്യാപകനായിരുന്നുവെന്ന് പറഞ്ഞത്. അബ്ദുല്‍ ഹമീദും അബ്ദുല്‍ ഗഫൂറും മേലെയും താഴെയും ക്ളാസ്സുകളില്‍ വിദ്യാര്‍ഥികളും സതീര്‍ഥ്യരും. നാട്ടില്‍ ഇള്ളി ഖത്വീബും മദ്റസാധ്യാപകനും. അതിലെല്ലാമുപരി കെ.ടിയുടെ പട്ടിക്കാട്ടെ വീട്ടില്‍ ഞാന്‍ നിത്യ സന്ദര്‍ശകനായി. രോഗിയായ എനിക്ക് കഷായവും കഞ്ഞിയും കൂവപ്പൊടിയും കാച്ചിത്തരുന്ന കെ.ടിയുടെ ഉമ്മ എന്റെ ഉമ്മയും. പല്ലുകള്‍ കൊഴിഞ്ഞ മോണ കാട്ടി ചിരിച്ച് ആര്‍ദ്രമായി മൊഴിയുന്ന 'ഇമ്മാന്റെ കാക്കു' എന്ന വിളി എന്റെ കാതില്‍ ഇന്നും മുഴങ്ങുന്നു. ആ ഉമ്മ ചില്ലറക്കാരിയായിരുന്നില്ല. പട്ടിക്കാടിനു കിഴക്ക് കണ്യാല മഹല്ലിലെ ഖാദികുടുംബത്തിലാണ് ഉമ്മ പിറന്നത്. ഖാദി അലവി മുസ്ലിയാരുടെ മകളായി. അലവി മുസ്ലിയാരെ കണ്യാലക്കാര്‍ മറ്റത്തൂര്‍ ഖാദി കുടുംബത്തില്‍നിന്ന് 19-ാം വയസ്സില്‍ ഖാദിയായി കൊണ്ടുവന്നതായിരുന്നു. കുലീനമായ ആ പാരമ്പര്യത്തിന്റെ കതിരാട്ടം ആ ഉമ്മയുടെ വാക്കിലും നോക്കിലും ഇരിപ്പിലും നടപ്പിലും എല്ലാം നിറഞ്ഞുനിന്നു. ശാന്തപുരത്തെ നാലു വര്‍ഷക്കാലത്തെ പഠനത്തിനിടയില്‍ രൂപപ്പെട്ട ആ ബന്ധം, പിന്നീട് എവിടെപോയാലും വഴിക്ക് ആ ഉമ്മയെ ഒന്ന് സന്ദര്‍ശിച്ച് ബന്ധം പുതുക്കാതിരിക്കാന്‍ സാധ്യമല്ലാത്ത വിധം ഗാഢമായിത്തീര്‍ന്നു.
കെ.ടിയുടെ വാപ്പയെ ഞാന്‍ കണ്ടിട്ടില്ല. പണ്ഡിതനും സാത്വികനുമായ ആ പിതാവിനെക്കുറിച്ച് ഉമ്മയില്‍നിന്നും മക്കളില്‍നിന്നും ഒരുപാട് കേട്ടിട്ടുണ്ട്. എല്ലാ മക്കളെയും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം താന്‍ ദര്‍സു നടത്തുന്ന കേന്ദ്രത്തിലേക്ക് അദ്ദേഹം ആനയിച്ചു. പിതാവും അധ്യാപകനും മുറബ്ബിയുമെന്ന നിലക്ക് വളരെ ശ്രദ്ധയോടെയാണ്, കാരട്ടുതൊടി മുഹമ്മദ് കുട്ടി ഹാജി എന്ന ഹാജി ഉസ്താദ് മക്കളെ വളര്‍ത്തിയത്. കെ.ടി സഹോദരന്മാര്‍ ഒന്നടങ്കം ജമാഅത്ത് അനുഭാവികളായി മാറിയത് ഒരു യാദൃഛികതയായിരുന്നില്ല എന്ന് ഹാജി ഉസ്താദിന്റെ ജീവിതത്തിലേക്ക് നോക്കിയാല്‍ മനസ്സിലാകും. ആലപ്പുഴ മസ്താന്‍ പള്ളിയിലെ ദര്‍സ് അക്കാലത്തെ വലിയ ദര്‍സുകളിലൊന്നായിരുന്നു. ഹാജി ഉസ്താദ് അറിയപ്പെടുന്ന പണ്ഡിതനും. മുദര്‍രിസും ഖത്വീബും മഹല്ലിലെ സ്ഥാനീയനുമായ ഉസ്താദ് എല്ലാവരാലും ആദരിക്കപ്പെട്ടിരുന്നു. എന്നാല്‍ അക്കാലത്തെ സുന്നീ പണ്ഡിതന്മാരില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു ഹാജി ഉസ്താദ്. മലയാളം എഴുത്തും വായനയും പഠിച്ചിട്ടില്ലെങ്കിലും എന്നും കൃത്യമായി പത്രം വായിക്കും. വായിക്കുമെന്ന് പറഞ്ഞാല്‍, പത്രം വായിച്ച് കേള്‍ക്കും. അതിനായി ഒരു സുഹൃത്തിനെ പ്രത്യേകം ശട്ടം കെട്ടിയിരുന്നു. അദ്ദേഹം എന്നും രാവിലെ ചന്ദ്രികയോ മാതൃഭൂമിയോ ഏതെങ്കിലുമൊരു പത്രം മുടങ്ങാതെ വായിച്ചു കേള്‍പ്പിക്കും. അവിടെയെത്തുന്ന എല്ലാ വിഭാഗം പണ്ഡിതന്മാരെയും ഹൃദ്യമായി സ്വീകരിക്കും. ആതിഥ്യമരുളും. പള്ളിയില്‍ പ്രസംഗിക്കാന്‍ അവസരം കൊടുക്കും. മുജാഹിദ് പണ്ഡിതനായിരുന്ന ആനമങ്ങാട് മുഹ്യിദ്ദീന്‍ മൌലവി, സി.എന്‍ അഹ്മദ് മൌലവി എന്നിവര്‍ അക്കൂട്ടത്തില്‍ പെട്ടവരായിരുന്നു. പറഞ്ഞുവന്നത് പരമ്പരാഗത രീതിയില്‍നിന്ന് വ്യത്യസ്തമായി, കാലത്തെയും ലോകത്തെയും മനസ്സിലാക്കാനും വിശാലമായ കാഴ്ചപ്പാട് പുലര്‍ത്താനും ഹാജി ഉസ്താദിന് കഴിഞ്ഞിരുന്നുവെന്നാണ്. ഈ പശ്ചാത്തല സംസ്കാരമാണ് കെ.ടി സഹോദരന്മാരുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചത്.
കെ.ടി കുടുംബത്തില്‍ സഹോദരന്മാര്‍ തമ്മില്‍ പുലര്‍ന്നു കണ്ട സ്നേഹവും ഐക്യവും അത്യപൂര്‍വമായിരുന്നു. കേരളത്തില്‍ പഴയ കാലത്ത് സുഹൃത്തുക്കള്‍ തമ്മില്‍ ആലിംഗനം ചെയ്യുന്ന പതിവ് കുറവായിരുന്നു. സഹോദരന്മാര്‍ തമ്മില്‍ അത്യപൂര്‍വവും. ഇത് ഞാന്‍ ആദ്യമായി കണ്ടത് കെ.ടി സഹോദരന്മാര്‍ക്കിടയിലാണ്. അവര്‍ സഹോദരന്മാര്‍ എന്നതിലേറെ സുഹൃത്തുക്കളായിരുന്നു. കുടുംബത്തിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് സ്നേഹപൂര്‍വം തമാശ പറയുകയും കളിയാക്കുകയും ബീഡിയും സിഗരറ്റും പങ്കുവെക്കുകയും ചെയ്യുമ്പോള്‍, ആ കൂട്ടായ്മയില്‍ ഒരംഗമായി ഉമ്മയും കൂടുന്ന കാഴ്ച അത്യന്തം രസകരം തന്നെ. അതില്‍ ഒരുവേള ഏറ്റവും നല്ല ഫലിതക്കാരി ഉമ്മയായിരിക്കും. ദൂരദിക്കുകളില്‍ ദീനീ പ്രവര്‍ത്തനവുമായി കഴിയുന്ന മക്കളുടെ സുഖദുഃഖങ്ങളോര്‍ത്ത് ചിരിക്കുകയും വേവലാതിപ്പെടുകയും ചെയ്യുന്നതിനു പകരം ഏറെ അഭിമാനത്തോടെയും അതിലേറെ ആത്മനിര്‍വൃതിയോടെയുമാണ് ഉമ്മ സംസാരിക്കാറ്. ഉമ്മയും വാപ്പയും നല്‍കിയ സ്നേഹവും കാരുണ്യവും കുടുംബത്തിലാകമാനം കതിരിട്ടു നിന്നു. അബ്ദുര്‍റഹീം അതിന്റെ മൂര്‍ത്ത രൂപമായി.
അബ്ദുര്‍റഹീം സാഹിബിന്റെ മരണത്തിന്റെ തലേന്ന് ബാഗ്ളൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ, അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത വിവരം കേട്ടപ്പോള്‍, ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി നുസ്രത്ത് അലി സാഹിബ് ചോദിച്ച ചോദ്യം ഇതായിരുന്നു: "തലമുടി നീട്ടി വളര്‍ത്തിയ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ആ മനുഷ്യനോ?'' അതെ, അതായിരുന്നു അബ്ദുര്‍റഹീം സാഹിബ്. പണ്ഡിതന്‍, ചിന്തകന്‍, പ്രഭാഷകന്‍, പ്രബോധകന്‍, കര്‍മബദ്ധനായ പോരാളി, വിനയാന്വിതനായ നേതാവ്, സ്നേഹനിധിയായ പിതാവ് എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ക്കര്‍ഹനാണ് കെ.ടി. എന്നാല്‍ എല്ലാറ്റിലുമുപരി കെ.ടിക്ക് ഞാന്‍ നല്‍കുന്ന വിശേഷണം മഹാനായ മനുഷ്യ സ്നേഹി എന്നായിരിക്കും. കാപട്യം അദ്ദേഹത്തിനറിയില്ല; ജാടയില്ല, ഗുണകാംക്ഷാ നിര്‍ഭരമായ സ്നേഹം മാത്രമേ അദ്ദേഹത്തിനറിയൂ. അതില്‍ വലുപ്പച്ചെറുപ്പമില്ല; പണ്ഡിത പാമര ഭേദമില്ല. പണക്കാരനും പാവപ്പെട്ടവനുമില്ല. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അത് അനുഭവിച്ചു. ജാതി മത കക്ഷിഭേദം കൂടാതെ കണ്ടുമുട്ടിയ എല്ലാവരിലേക്കും അത് പരന്നൊഴുകി; ചിരിച്ചും സന്തോഷം പ്രകടിപ്പിച്ചും മാത്രമല്ല ചിലപ്പോള്‍ ക്ഷോഭിച്ചും വെറുപ്പ് പ്രകടിപ്പിച്ചും നിസ്സഹകരിച്ചും കൂടിയായിരിക്കും അത് പ്രകടമാക്കുക. പരിചയപ്പെട്ട നാള്‍ മുതല്‍ക്ക് ജീവിതത്തിലുടനീളം അത് അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍. സുഹൃത്തായി, കുടുംബത്തിലെ അംഗമായി, കൊച്ചനുജനായി ആരംഭിച്ച ആ ബന്ധം എല്ലാ ഘട്ടത്തിലും മാറ്റമില്ലാതെ തുടര്‍ന്നു. പ്രബോധനത്തില്‍ എന്റെ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടാല്‍ അതേക്കുറിച്ച് അഭിപ്രായം പറയും. നിര്‍ദേശങ്ങളുണ്ടെങ്കില്‍ മുന്നോട്ടുവെക്കും. ഒരു പ്രസംഗം കേള്‍ക്കാനിടയായാല്‍ അതിന്റെ ഗുണദോഷങ്ങള്‍ പങ്കുവെക്കും. ജമാഅത്തിന്റെ അമീറായി നിയമിതനായപ്പോഴും തുടര്‍ന്നുള്ള നാളുകളിലും ആ പ്രക്രിയ തുടര്‍ന്നു. ചില ഘട്ടങ്ങളില്‍ ഉള്ളഴിഞ്ഞു അഭിനന്ദിച്ചു. ചില ഘട്ടങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ചു. മറ്റു ചില ഘട്ടങ്ങളില്‍ മൌനിയായി വിട്ടുനിന്നു. എല്ലായ്പ്പോഴും ഉദാരമായ സ്നേഹവും ഗുണകാംക്ഷയും പരസ്പര ബഹുമാനവും അന്തര്‍ധാരയായി വിളങ്ങിനിന്നു.
ഒരു പണ്ഡിതനെന്ന നിലക്ക് സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഭയലേശമന്യെ അത് വെട്ടിത്തുറന്നു പറഞ്ഞു. ആരുടെ മുഖത്ത് നോക്കിയും സത്യം തുറന്നു പറയാനുള്ള ആര്‍ജവം അദ്ദേഹം പ്രകടിപ്പിച്ചു. ജമാഅത്ത് പ്രവര്‍ത്തകനായിരിക്കെ തന്നെ ജമാഅത്തിന്റെ പല കാഴ്ചപ്പാടുകളോടും വിയോജിപ്പു പുലര്‍ത്തി. എന്നാല്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലക്ക് പ്രസ്ഥാനത്തിന്റെ തീരുമാനങ്ങളെ അംഗീകരിച്ചു. അതീവ ലളിതമായിരുന്നു കെ.ടിയുടെ ജീവിതം. ദുനിയാവിന്റെ ആര്‍ഭാടങ്ങളോടു എന്നും മുഖം തിരിച്ചുനിന്നു. ഒരര്‍ഥത്തില്‍ ഒരു വൈരാഗിയായിരുന്നു കെ.ടി. സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചു. കുട്ടികള്‍ക്ക് ചെറിയ വരുമാനവും സൌകര്യവും കൈവന്നപ്പോഴും കൃഷി ചെയ്തും സ്വന്തമായി അധ്വാനിച്ചും ജീവിച്ചു. പണ്ഡിതനും പ്രഭാഷകനും നേതാവും എന്ന നിലക്ക് ആയിരങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുമ്പോഴും നിസ്സംഗനായി, അഹങ്കാരലേശമന്യെ അദ്ദേഹം നിലകൊണ്ടു. കെ.ടിയുടെ ജീവിതം ഒരപൂര്‍വ മാതൃകയായിരുന്നു.
പ്രസ്ഥാനത്തിനും സമുദായത്തിനും നാട്ടിനു തന്നെയും കെ.ടിയെ പോലുള്ളവരുടെ സാന്നിധ്യം ഏറെ ആവശ്യമായ ഒരു കാലമാണിത്.
കെ.ടിയുടെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്ന പതിനായിരങ്ങള്‍ക്ക്, അദ്ദേഹത്തോടുള്ള ആദരസൂചകമായി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ മാതൃക പിന്തുടരുകയെന്നതാണ്. കരുണാവാരിധിയായ നാഥാ, ഞങ്ങളുടെ പ്രിയങ്കരനായ സഹോദരനെ നീ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ!